മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലെ സ്ത്രീ മരിച്ചു. പരപ്പനങ്ങാടി സ്വദേശിയായ 74 കാരിയാണ് മരിച്ചത്. മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് പൊലീസ് മുഖേന നിർദേശം നൽകി. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീയാണ് ഇന്ന് മരിച്ചത്.
ഹൃദ്രോഗിയായ ഇവരെ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ചികിത്സക്കായി കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് ശസ്ത്രക്രിയയും നടത്തിയിരുന്നു. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈറിസ്ക്ക് സമ്പർക്ക പട്ടികയിലാണ് ഉണ്ടായിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കാണ് സ്രവം പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇവര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പരിശോധനയും നടത്തിയിരുന്നില്ല.