മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണ്: കുഞ്ചാക്കോ ബോബന്‍

news image
Jul 21, 2023, 11:52 am GMT+0000 payyolionline.in

തിരുവനന്തപുരം : മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഒട്ടനവധി ക്വാളിറ്റിയുള്ള ചിത്രങ്ങൾ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു. അതിൽ എന്റെ ഒരു കഥാപാത്രവും അംഗീകരിക്കുന്നതിൽ സന്തോഷമാണ്.

സിനിമ എന്നത് ഞാന്‍ ആഗ്രഹിച്ച വന്ന മേഖലയായിരുന്നില്ല. പിന്നീട് സിനിമകള്‍ മാത്രം സ്വപ്‌നം കാണുന്നൊരാളായി മാറിയതാണ് ഞാന്‍. ഈ പ്രാവശ്യത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലെ സന്തോഷം എന്താണെന്ന് വെച്ചാല്‍ ഭൂരിപക്ഷം അവാര്‍ഡ് ജേതാക്കളും വ്യക്തിപരമായും ജോലിസംബന്ധമായും അറിയുന്നവരാണ്. അടുത്ത സുഹൃത്തുക്കളാണ് മിക്കവരും.

ഈ അംഗീകാരങ്ങള്‍ എനിക്കും കൂടിയുള്ളം അംഗീകാരമായാണ് കരുതുന്നത്. അതിലൊരുപാട് സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഒട്ടനവധി കലാമൂല്യമുള്ള ചിത്രങ്ങളുണ്ടായിട്ടുണ്ട്. മലയാള സിനിമയുടെ നിലവാരം എത്രത്തോളം ഉയര്‍ന്നിട്ടുണ്ടെന്നത് നമുക്ക് ശരിക്കും ബോധ്യപ്പെട്ടതാണ്. ഇത്രയധികം സിനിമകളും കഥാപാത്രങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ എന്റെ ക്യാരക്ടറും അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം.

കുഞ്ചാക്കോ ബോബന്റെയും മമ്മൂട്ടിയുടെയും പേരായിരുന്നു മികച്ച നടന്റെ പട്ടികയില്‍ ഉയര്‍ന്നുകേട്ടത്. പ്രത്യേക ജൂറി പരാമര്‍ശം കുഞ്ചാക്കോ ബോബന് ലഭിച്ചതോടെയാണ് മികച്ച നടന്‍ മമ്മൂട്ടി തന്നെയെന്ന് വ്യക്തമാവുകയായിരുന്നു.

പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ആയിരുന്നു. മികച്ച തിരക്കഥക്ക് അടക്കം നിരവധി പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച തിരക്കഥക്ക് സംവിധായകന്‍ കൂടിയായ രതീഷ് ബാലകൃഷ്ണ പൊതുവാളിനാണ് പുരസ്കാരം ലഭിച്ചത്.

ചിത്രത്തിലെ കൊഴുമ്മേല്‍ രാജീവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍മാരുടെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പ്രത്യേക പരാമര്‍ശമാണ് ലഭിച്ചത്. മമ്മൂട്ടിയുമായി കടുത്ത മത്സരം തന്നെ കാഴ്ച വയ്ക്കാന്‍ ചാക്കോച്ചന് സാധിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ന്നാ താന്‍ കേസ് കൈപ്പിടിയിലൊതുക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ഡോണ്‍ വിന്‍സെന്‍റിലൂടെ ന്നാ താന്‍ കേസ് കൊടിന്‍റെ അക്കൗണ്ടിലെത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe