മണ്ഡലപൂജകൾക്ക് ശേഷം 27 ന് രാത്രിയാണ് നട അടച്ചത്. ജനുവരി 15ന് ആണ് മകരവിളക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നടതുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും. 19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യമുള്ളു.
19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീർഥാടകർക്ക് ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്ക്കും.
കൂടുതൽ സൗകര്യങ്ങളൊരുക്കി
മകരവിളക്ക് ഉത്സവത്തിന് ശനിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകർക്ക് ക്യൂ കോംപ്ലക്സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും സജ്ജമാക്കി. കൂടുതൽ വെളിച്ചവും വലിയ നടപ്പന്തലിൽ കുടുതൽ ഫാനും സജ്ജമാക്കി.