ബുക്ക് പ്രിന്റിം​ഗിനെന്ന് പറഞ്ഞ് വീട് വാടകക്കെടുത്തു; യഥാർത്ഥത്തിൽ കള്ളനോട്ടടി, പ്രതിയെ പിടികൂടി ക്രൈംബ്രാഞ്ച്

news image
Jul 31, 2023, 5:01 pm GMT+0000 payyolionline.in

പത്തനംതിട്ട: ബുക്ക് പ്രിന്റിംഗ് നടത്താനെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത പത്തനാപുരം സ്വദേശി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ  വീട്  വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അച്ചടിച്ച  കേസിലാണ് പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശി അനീഷ് (38) നെ  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വാടക വീട്ടുടമയുടെ പരാതിയിൽ അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാളെ ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നുമാണ് കള്ളനോട്ട് കേരളത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വണ്ടിപ്പെരിയാറിലും സമീപത്തെ തോട്ടം മേഖലയിലുള്ള കടകളിലും മറ്റും കള്ളനോട്ട് എത്തുന്നതായി പീരുമേട് ഡിവൈഎസ്പിക്ക് വിവരം  ലഭിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് സെബിൻ ജോസഫ് പിടിയിലായത്.

വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. 500 രൂപയുടെ 44 കള്ളനോട്ടുകളാണ് ഇയാളുടെ കിടപ്പുമുറിയിൽ മൊബൈൽ കവറിനുള്ളിൽ സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിലെ ചെന്നെെയിൽ നിന്നും നോട്ടിരട്ടിപ്പ് സംഘത്തിന് ഇരുപതിനായിരം രൂപ കൊടുത്ത് നാൽപ്പതിനായിരം രൂപ വാങ്ങിയതാണെന്ന് സെബിൻ പൊലീസിനോട് പറഞ്ഞു. ബാക്കി നോട്ടുകൾ പലയിടത്തായി ചിലവഴിച്ചു.

എസ്ബിഐയുടെ വണ്ടിപ്പെരിയാർ ശാഖയിൽ കഴിഞ്ഞ ദിവസം നിക്ഷേപിക്കാനെത്തിയ പണത്തിൽ രണ്ട് കള്ളനോട്ടുകൾ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സെബിന് മുൻപും പലതരത്തിലുള്ള നിയമ വിരുദ്ധ ഇടപാടുകൾ ഉള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe