ബിഹാറിൽ വിഷ മദ്യദുരന്തം; മരണം 40 ആയി

news image
Oct 18, 2024, 9:54 am GMT+0000 payyolionline.in

പട്‌ന: ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നതായി പോലീസ് അറിയിച്ചു. നിരവധി ആളുകൾ അനധികൃത മദ്യം കഴിച്ചതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ നടുക്കിയ വിഷമദ്യദുരന്തം ഉണ്ടായത്.

സിവാനിൽ മാത്രം മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി എസ്.പി ശിവൻ അമിതേഷ് കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ അറസ്റ്റ് ചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ ഏജൻസി രൂപീകരിച്ചു. ബിഹാറിൽ സമ്പൂർണ മദ്യനിരോധനമാണ് ഏർപ്പെടുത്തിയതെങ്കിലും മദ്യമാഫിയകളാണ് ഇത്തരം സംഭവങ്ങളിൽ പങ്കാളികളാകുന്നതെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് മഘർ, ഔരിയ പഞ്ചായത്തുകളിൽ മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി ആദ്യവിവരം ലഭിച്ചത്. അതിനിടെ, കൃത്യ വിലോപത്തിന് ഗവാൻപൂർ എസ്.എച്ച്.ഒക്കും ഭഗവാൻപൂർ സ്റ്റേഷനിലെ പ്രൊഹിബിഷൻ എ.എസ്.ഐക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിവാൻ ഡി.എം മുകുൾ കുമാർ ഗുപ്ത പറഞ്ഞു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രൊഹിബിഷൻ ആൻഡ് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘവും ദുരന്തത്തെകുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe