തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ നവംബർ 22 മുതൽ 24 വരെ നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 100 ശതമാനം വിജയമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ലക്ഷ്യമിട്ട 12.93 ലക്ഷം കുട്ടികൾക്കും തുള്ളി മരുന്ന് നൽകി. ആദ്യദിനം 11.99 ലക്ഷം കുട്ടികൾക്ക് ബൂത്തുകളിലും, രണ്ടാം ദിനം 59707 കുട്ടികൾക്കും, മൂന്നാം ദിനം 33925 കുട്ടികൾക്കും വോളന്റീയർമാർ വീടുകളിലെത്തിയും വാക്സിൻ നൽകിയാണ് പരിപാടി പൂർത്തിയാക്കിയത്. ആദ്യമൂന്ന് ദിനം കൊണ്ടുതന്നെ 100 ശതമാനം നേട്ടം കൈവരിക്കുന്നത് പരിപാടിയുടെ ചരിത്രത്തിൽ ആദ്യമാണ്.
103 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകിയ എറണാകുളം, 102 ശതമാനം പത്തനംതിട്ട, 101 ശതമാനം വീതം തിരുവനന്തപുരം, പാലക്കാട്, 100 ശതമാനം വീതം കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളാണ് ഏറ്റവും മുന്നിൽ. പൾസ് പോളിയോ മികച്ച വിജയത്തിലെത്തിക്കാൻ പങ്കാളികളായ രക്ഷാകർത്താക്കളെയും പരിപാടിക്ക് നേതൃത്വം നൽകിയ എല്ലാ ആരോഗ്യവകുപ്പ ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും ഇതര വകുപ്പുകളെയും മന്ത്രി അഭിനന്ദിച്ചു.
26000 ത്തിലധികം സന്നദ്ധപ്രവർത്തകരും ആരോഗ്യ പ്രവർത്തകരുമാണ് അവധി ദിനത്തിലുൾപ്പെടെ പരിപാടിയുടെ ഭാഗമായത്. ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കു പുറമെ റെയിൽ വേസ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി, ഉത്സവ- മേളകൾ തുടങ്ങിയയിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവയിലുൾപ്പെടെ ബൂത്തുകൾ ഒരുക്കിയും മൊബൈൽ ബൂത്തുകൾ സജ്ജീകരിച്ചുമാണ് 100 ശതമാനം നേട്ടം കൈവരിച്ചത്.
