പ്ലസ് വൺ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി; മലബാറിൽ മാത്രം മുക്കാൽ ലക്ഷം പേർ പുറത്ത്, അര ലക്ഷം സീറ്റുകൾ കുറവ്

news image
Jun 20, 2024, 3:46 am GMT+0000 payyolionline.in
തിരുവനന്തപുരം: സംസ്ഥാനത്തു പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ പരിഗണിച്ചാലും 54000 സീറ്റിന്‍റെ കുറവാണ് മലബാര്‍ ജില്ലകളിലായുള്ളത്. മൂന്നാം അലോട്ട്മെന്‍റ തീരുമ്പോഴും മലബാറിൽ പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ മുക്കാൽ ലക്ഷം പേർക്ക് ഇപ്പോഴും സീറ്റില്ല. ഏകജാലക പ്രവേശനത്തിലുള്ള മെറിറ്റ് സീറ്റുകൾക്ക് പുറമെ സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്‍റ്, അൺഎയ്ഡഡ് ക്വോട്ട സീറ്റുകളിലെ പ്രവേശനം കൂടി ചേർക്കുമ്പോഴാണ് 75027 അപേക്ഷകർ പുറത്തുനിൽക്കുന്നത്. സംസ്ഥാനത്താകെ ഇനി അവശേഷിക്കുന്നത് 3588 മെറിറ്റ് സീറ്റുകൾ. ഇതിൽ 1332 സീറ്റുകളാണ് മലബാറിൽ ബാക്കിയുള്ളത്. മെറിറ്റടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ പ്രവേശനം നടത്തുന്ന കമ്യൂണിറ്റി ക്വാട്ടയിൽ സംസ്ഥാനത്ത് ആകെയുള്ള 24253 സീറ്റുകളിൽ 14706ലേക്കും പ്രവേശനം പൂർത്തിയായി. അവശേഷിക്കുന്നത് 9547 സീറ്റുകളാണ്. ഇതിൽ 3391 സീറ്റുകളാണ് മലബാർ ജില്ലകളിൽ ബാക്കിയുള്ളത്.

 

എയ്ഡഡ് മാനേജ്മെന്‍റുകൾക്ക് ഇഷ്ട പ്രകാരം പ്രവേശനം നടത്താവുന്ന മാനേജ്മെന്‍റ് ക്വാട്ടയിൽ 36187 സീറ്റുകളാണ് അവശേഷിക്കുന്നത്. ഇതിൽ 15268 സീറ്റുകളാണ് മലബാർ മേഖലയിലുള്ളത്. ഈ സീറ്റുകൾ കൂടി പരിഗണിച്ചാൽ മലബാറിലെ സീറ്റുകളുടെ കുറവ് 54000ന് മുകളിലായിരിക്കും. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 82446 അപേക്ഷകരിൽ 50036 പേർ മെറിറ്റിലും മറ്റ് വിവിധ ക്വാട്ട സീറ്റുകളിലായി 4196 പേരും അലോട്ട്മെന്‍റ് നേടി. ജില്ലയിൽ ഇനിയും 28214 പേർ പ്രവേശനം ലഭിക്കാത്തവരായുണ്ട്. കോഴിക്കോട് ജില്ലയിൽ ഇത് 13941ഉം പാലക്കാട് 16528ഉം കാസർകോട് 5326ഉം വയനാട്ടിൽ 2411ഉം അപേക്ഷകർ അലോട്ട്മെന്‍റ് ലഭിക്കാത്തവരായുണ്ട്.

 

മലബാറിലെ സീറ്റ് ക്ഷാമത്തിൽ മൂന്നാം അലോട്ട്മെന്‍റിന് ശേഷം സ്ഥിതി വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചത്. സർക്കാറിന് നിയന്ത്രണമുള്ള ഏകജാലക പ്രവേശനത്തിന്‍റെ പരിധിയിൽ വരാത്തതും ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സീറ്റുകൾ കൂടി ചേർത്തുള്ള കണക്കാണ് വിദ്യാഭ്യാസ മന്ത്രി സഭയിൽ  അവതരിപ്പിച്ചിരുന്നത്. മന്ത്രിയുടെ വാദങ്ങളെല്ലാം പൊളിക്കുന്നതാണ് മൂന്നാം അലോട്ട്മെന്‍റ് പുറത്തുവന്നപ്പോഴുള്ള കണക്കുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe