കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ചത്തെ ലക്ഷദ്വീപ് സന്ദർശനം കോൺഗ്രസ് ബഹിഷ്കരിക്കും. ലക്ഷദ്വീപിനോടുള്ള ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ബഹിഷ്കരണമെന്ന് നേതാക്കൾ അറിയിച്ചു. കോൺഗ്രസിന്റെ ലക്ഷദ്വീപ് ഭാരവാഹികളും പോഷക സംഘടനകളും വിട്ടുനിൽക്കും.
2014ൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷദ്വീപിലെ ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകളിലടക്കം മുമ്പുണ്ടായിരുന്ന നേട്ടങ്ങൾ ഇല്ലാതാകാൻ തുടങ്ങിയെന്ന് അവർ പറഞ്ഞു. ബി.ജെ.പി അനുഭാവമുള്ള ഭരണാധികാരികളെ നിയമിക്കുകയും കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ അജണ്ടകൾ ദ്വീപിൽ നടപ്പാക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു.
ദ്വീപ് നിവാസികളുടെ ഭൂമിയും സ്വത്തും കൈയേറി, മൂവായിരത്തോളം ദ്വീപ് നിവാസികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എട്ടോളം കപ്പലുകളുണ്ടായിരുന്ന ദ്വീപിൽ രണ്ട് കപ്പലിലേക്ക് ചുരുങ്ങി. വിദ്യാഭ്യാസ മേഖലയിൽ അപക്വമായ തീരുമാനങ്ങൾ കൊണ്ടുവന്നു. ഇത്തരം ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.