പേരാമ്പ്ര: പേരാമ്പ്രയിൽ വനിതാ ലീഗ് കമ്മിറ്റിയുടെ കീഴിൽ ‘ഷീ ഗാർഡ്’ സന്നദ്ധ സേന വളണ്ടിയർ വിംഗ് പ്രവർത്തനം ആരംഭിക്കുന്നു. ഒരു വർഷം നീണ്ടു നിന്ന വിവിധ പരിശീലന ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് വളണ്ടിയർ വിംഗ് പ്രവർത്തനം ആരംഭിക്കുന്നത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നായി 216 വളണ്ടിയർമാരാണ് സേവന രംഗത്ത് ഉണ്ടാവുക. ദുരന്തനിവാരണം, മയ്യത്ത് പരിപാലനം, ട്രോമ കെയർ, ഫസ്റ്റ് എയ്ഡ്, സോഷ്യൽ ഇന്റലിജിൻസ് അവാർനെസ്സ് ഉൾപ്പെടെ കൃത്യമായ പരിശീലനം ആവശ്യമുള്ള മേഖലകളിൽ ഷീ ഗാർഡ് വളണ്ടിയർ വിങ്ങിന്റെ സേവനം ലഭ്യമാകും.
നാളെ വൈകീട്ട് 4 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജന: സെക്രട്ടറി പി.എം എ സലാം സാഹിബ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. ദേശീയ വനിതാ ലീഗ് പ്രസിഡൻ്റ് ഫാത്തിമ മുസാഫിർ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയ വനിതാ ലീഗ് സെക്രട്ടറി അഡ്വ: നൂർബീന റഷീദ് മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ, വനിതാ ലീഗ് ജില്ലാ നേതാക്കൾ, മണ്ഡലം നേതാക്കൾ മറ്റു പോഷക സംഘടന ഭാരവാഹികൾ, 10 പഞ്ചാത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർ ,മറ്റു ഭാരവാഹികൾ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.ഇതു സംബന്ധിച്ച് പേരാമ്പ്രയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത്, ജന:സെക്രട്ടറി വഹീദ പാറേമ്മൽ, ട്രഷറർ സൽമ നൻമനക്കണ്ടി, ഏ.വി സക്കീന, പി.കുഞ്ഞയിഷ, സാബിറ നടുക്കണ്ടി എന്നിവർ അറിയിച്ചു.