പേരാമ്പ്ര : കലയുടെയും സംസ്കാരത്തിന്റെയും പേരുകേട്ട കുറുമ്പ്രനാട്ടിന്റെ മണ്ണിൽ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവം ‘പേരാമ്പ്ര പെരുമ’യ്ക്ക് എപ്രിൽ ഒന്നിന് തിരശ്ശീല ഉയർന്നു. 12 ദിനരാത്രങ്ങൾ ഇനി താളലയസാന്ദ്രമാകും. പേരാമ്പ്ര മത്സ്യമാർക്കറ്റിന് സമീപമാണ് പ്രധാനവേദി.
ഏപ്രിൽ ഒന്നിന് കുട്ടികളുടെ നാടകോത്സവത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനംനേടിയ മൂന്നുനാടകങ്ങൾ അരങ്ങേറും. രണ്ടിന് വൈകീട്ട് 6.30-ന് പിന്നണി ഗായകൻ വി.ടി. മുരളി നയിക്കുന്ന ഗാനമേള അരങ്ങേറും. ഗായിക ദലീമ എംഎൽഎ പരിപാടി ഉദ്ഘാടനംചെയ്യും. മൂന്നിന് വൈകീട്ട് 6.30-ന് ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിന്റെ നാടകം ‘മാടൻ മോക്ഷം’ അരങ്ങേറും. നാലിന് വൈകീട്ട് ഡാൻസ് പെരുമ, അഞ്ചിന് വൈകീട്ട് ആറിന് യു. അജിൻ നയിക്കുന്ന മ്യൂസിക് ബാൻഡ്, ആറിന് വൈകീട്ട് ഏഴിന് കുടുംബശ്രീ ഫെസ്റ്റ് എന്നിവ നടക്കും.
ഏഴിന് വൈകീട്ട് ഏഴിന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പേരാമ്പ്രപ്പെരുമയുടെ ഒൗപചാരികമായ ഉദ്ഘാടനം നിർവഹിക്കും. നടൻ ബേസിൽ ജോസഫ് മുഖ്യാതിഥിയാവും. ഗായിക സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി അരങ്ങേറും.
എട്ടിന് വൈകീട്ട് ഏഷ്യൻ ഡ്രാഗൺ ഡാൻസ് ടീം അവതരിപ്പിക്കുന്ന ഡാൻസ് ഓൺ വീൽസ് ഒൻപതിന് വൈകീട്ട് ഏഴിന് നാട്ട് നാട്ട് ഫെയിം ഗായകൻ യാസിൻ നിസാറിന്റെ നേതൃത്വത്തിലുള്ള കലാകേരളം അരങ്ങത്തെത്തും. പത്തിന് വൈകീട്ട് അഞ്ചിന് നടി റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന നൃത്തം, 11-ന് വൈകീട്ട് ഏഴിന് ഹനാൻ ഷാ ആന്റ് ബാന്റിന്റെ സംഗീത പരിപാടി, 12-ന് വൈകീട്ട് ഏഴിന് ആട്ടം തേക്കിൻ കാട് അവതരിപ്പിക്കുന്ന സംഗീതപരിപാടി എന്നിവ അരങ്ങേറും.
ചലച്ചിത്രോത്സവം, സാഹിത്യോത്സവം, കരിയർ ഫെസ്റ്റ്, മഡ് ഫുട്ബോൾ, മെഗാമെഡിക്കൽ എക്സിബിഷൻ, മെഹന്തി ഫെസ്റ്റ്, കുടുംബശ്രീ വിപണനമേള, കാർഷിക വിപണനമേള, റോബോട്ടിക് ഷോ, പെറ്റ് ആൻഡ് ആനിമൽ ഷോ, അമ്യൂസ്മെന്റ് ഷോ, മാധ്യമ സെമിനാർ, ഫുഡ് ഫെസ്റ്റ്, ലഹരിക്കെതിരേ മിനി മാരത്തോൺ, മത്സ്യപ്രദർശനം, പേരാമ്പ്രച്ചന്ത എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ ചെയർമാൻ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ജനറൽ കൺവീനർ എസ്.കെ. സജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.റീന, മിനി പൊൻപറ, വിനോദ് തിരുവോത്ത്, സെക്രട്ടറി സി. ബിജു എന്നിവർ പങ്കെടുത്തു.