കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആഗസ്റ്റ് 29 ന് തിരുവോണ നാളിൽ കൊടിയുയരും. ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ജൂബിലി ആഘോഷ പരിപാടികൾ. സെപ്റ്റംബർ 1ന് വെകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ജൂബിലിയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. വടകര എം പി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കാനത്തിൽ ജമീല എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, ബിന്ദു രാജൻ, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ് മുതലായവർ പങ്കെടുക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വൈശാഖിനെ അനുമോദിക്കും.
കലാലയത്തിൻ്റെ പിറന്നാളാഘോഷമായ ‘ആവണിപ്പൂവരങ്ങ് ‘ ആഗസ്റ്റ് 31 ന് വൈകിട്ട് മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്യും. ഗാനമേള, തിക്കോടിയൻ്റെ ‘പുതുപ്പണംകോട്ട ‘ നാടകം, രാധാകൃഷ്ണൻ ഭരതശ്രീ യുടെ സംവിധാനത്തിൽ അൻപതു നർത്തകികൾ അണിനിരക്കുന്ന പ്രത്യേക നൃത്ത പരിപാടി, ക്ലാസിക്കൽ – നാടോടി നൃത്തങ്ങൾ, പാണ്ടിമേളം, പടുവാദ്യമേളം വിവിധ ഉപകരണ സംഗീത പരിപാടികൾ മുതലായവ മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ സംഗീതോത്സവം , നാടകോത്സവം നത്തോത്സവം, ഗാന്ധി സ്മൃതി, വർണോത്സവം , ഗുരുവരം, ഗ്രാമീണം, സർഗോത്സവം ,കളിആട്ടം, കലാ പഠനക്യാമ്പുകൾ, സാഹിത്യോത്സവം മുതലായവ ഉൾപ്പെടുന്നു. ജൂബിലി സമാരക സാംസ്കാരിക മന്ദിരം, സോവനീർ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.
പരിപാടികളുടെ വിജയത്തിനായി വിടി മുരളി ചെയർമാനും ശിവദാസ് കരോളി കൺവീനർ ജനറലുമായി സ്വാഗത സംഘമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിയ്ക്കുന്നത്. 1974ൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ , മലബാർ സുകുമാരൻ ഭാഗവതർ, ശിവദാസ് ചേമഞ്ചേരി,ടി പി ദാമോദരൻ നായർ മുതലായവരുടെ നേതൃത്വത്തിൽ വിരലിലെണ്ണാവുന്ന വിദ്യാർത്ഥികളുമായി പുക്കാട്ടങ്ങാടിയിൽ ആരംഭിച്ച കലാ പഠന കേന്ദ്രം അഞ്ചു പതിറ്റാണ്ടിലേയ്ക്കു കടക്കുന്നത് മലബാറിലെ ഏറ്റവും വലിയ കലാപഠനകേന്ദ്രം എന്ന ഖ്യാതിയോടെയാണ്. പൂക്കാട്- ഉള്ള്യേരി കേന്ദ്രങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ കലാപഠനം നടത്തി വരുന്നു.
വാർത്താ സമ്മേളനത്തിൽ അഡ്വ.കെ ടി ശ്രീനിവാസൻ ,ശിവദാസ് കാരോളി, സുനിൽ തിരുവങ്ങർ, ഉണ്ണികൃഷ്ണൻ പൂക്കാട്, കെ ശ്രീനിവാസൻ, വിനീത് പൊന്നാടത്ത് എന്നിവർ പങ്കെടുത്തു.