ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം. പാക് പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച രാവിലെ ആറ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പേരെ വളയുകയും ചെയ്തായി റിപ്പോർട്ടിൽ പറയുന്നു. ഭീകരാക്രമണത്തിൽ മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും തകർന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ തെഹ്‌രീകെ ജിഹാദ് (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.
കഴിഞ്ഞയാഴ്ചപാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഖൈബർ ജില്ലയിലെ തിരഹിൽ സൈനിക ഓപ്പറേഷൻ നടത്തി. ഓപ്പറേഷനിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും രണ്ട് ഭീകരർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തിൽ, ദക്ഷിണ വസീറിസ്ഥാനിൽ ബോംബാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.