പയ്യോളി: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിനും അഷ്ടമിരോഹിണി ആഘോഷങ്ങൾക്കും ഓഗസ്റ്റ് 27-ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കുന്നമംഗലം ഇല്ലത്ത് മണികണ്ഠൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ യജ്ഞച്ചടങ്ങുകൾ ആരംഭിക്കും. പാലാഞ്ചേരി നവീൻ ശങ്കർ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
യജ്ഞദിവസങ്ങളിൽ വിവിധ വിശേഷാൽ പൂജകളും കലാപരിപാടികളും നടക്കും. ഓഗസ്റ്റ് 28-ന് വിദ്യാഗോപാലമന്ത്രാർച്ചനയും, 31-ന് വൈകുന്നേരം 5 മണിക്ക് കിഴൂർ തെരു ഭഗവതി-ഗണപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന രുഗ്മിണി സ്വയംവരഘോഷയാത്രയും നടക്കും. സെപ്റ്റംബർ 1-ന് വൈകുന്നേരം 6മണിക്ക് സർവൈശ്വര്യ വിളക്കുപൂജയും സെപ്റ്റംബർ 2-ന് 7.30ന് സൂര്യ ഇവന്റ്സ് കാലിക്കറ്റ് ഒരുക്കുന്ന സിനിമാ പിന്നണി ഗായിക റിജിയാ റിയാസ്, സനൂജ കാലിക്കറ്റ് എന്നിവർ നയിക്കുന്ന . ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 3-ന് വൈകുന്നേരം 6 ന് വനിതാടീമുകൾ അണിനിരക്കുന്ന കോൽക്കളി, കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ് അഷ്ടമിരോഹിണി ആഘോഷം. അന്ന് വിശേഷാൽ ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ കുമാരി ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം, നൈവാരണി ശ്രീകൃഷ്ണ ക്ഷേത്ര ഭജനസമിതിയുടെ ഭജന, തായമ്പക, അന്നദാനം, രാത്രി പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും കോമഡി സ്കിറ്റും ഉണ്ടായിരിക്കുന്നതാണ് .
