‘പരീക്ഷാ രേഖകൾ ഉടൻ ഉദ്യോഗാർത്ഥിക്ക് നൽകണം’; പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

news image
Aug 4, 2026, 1:51 pm GMT+0000 payyolionline.in

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം. പരീക്ഷാ രേഖകൾ ഉടൻ ഉദ്യോഗാർത്ഥിക്ക് നൽകണമെന്നാണ് നിർദേശം. രേഖകൾ കൈമാറാൻ വൈകിയതിൽ വിശദീകരണം നൽകാനും കമ്മീഷൻ നിർദേശം നൽകി.

ആസൂത്രണ ബോർഡ് പരീക്ഷയുടെ വിവരങ്ങൾ നൽകാൻ കമ്മീഷൻ ഉത്തരവിട്ട് ഒരു മാസം കഴിഞ്ഞിട്ടും നൽകാത്ത സാഹചര്യത്തിലാണ് അന്ത്യശാസനം. രേഖകൾ കൈമാറാത്തത് നിരുത്തരവാദപരം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്നും പിഎസ്‌സിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പിഎസ്‌സി ക്രമക്കേട് അന്വേഷണങ്ങളിൽ എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 90ലേറെ പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായിപരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ പങ്കാളിത്തം സ്ഥിരീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പിഎസ്‌സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണയം നടത്തിയില്ല എന്ന കാര്യമാണ് എസ്‌ഐടി പ്രധാനമായും അന്വേഷിച്ചിരുന്നത്.

പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് കെ ശ്യാംകൃഷ്ണൻ എന്ന ഉദ്യോഗാർത്ഥി നൽകിയ പരാതിയായിരുന്നു അന്വേഷണത്തിലേക്ക് നയിച്ചത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചത്. അജിതാ ബീഗത്തിന് പുറമേ എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe