പയ്യോളി: ബസ്സ് സ്റ്റാന്റിലെ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദീര്‍ഘനേരം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നഗരസഭയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. പയ്യോളി നഗരസഭാ അദ്ധ്യക്ഷന്‍ വി.കെ. അബ്ദുറഹിമാന് വിളിച്ച് ചേര്‍ക്കുന്ന യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ബസ് ഓണേഴ്സ് അസോസിയേഷനും വ്യാപാരി സംഘടനാ നേതാക്കളും പങ്കെടുക്കും. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്.
ബസ് സ്റ്റാണ്ടിലെ വ്യാപാര സ്ഥാപനങ്ങളുടെ കാഴ്ച മറിച്ച് ബസ്സുകള്‍ നിര്‍ത്തിയിടുന്നതും ടാക്സികളും ഓട്ടോകളും തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതും കാരണം വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നുമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. കൊയിലാണ്ടിയിലും വടകരയിലും ഉള്ളത് പോലെ പൂര്‍ണമായുള്ള ബസ്സ്റ്റാണ്ട് അല്ല പയ്യോളിയിലേതെന്നും ബസ് ബേ മാത്രമാണ് നിയമപ്രകാരം ഉള്ളതെന്നും ഇവര്‍ വാദിക്കുന്നു. പയ്യോളി ബസ്സ്റ്റാണ്ടില്‍ ഉള്ളത് പോലുള്ള വ്യാപാര സ്ഥാപനങ്ങള്‍ കൊയിലാണ്ടിയിലും വടകരയിലുമില്ലാത്തത് ഇതിനാലാണെന്നും ഇവര്‍ ഉദാഹരണമായി പറയുന്നു.
എന്നാല്‍ ദേശീയപാത നിര്‍മ്മാണത്തിന്റ്റെ ഭാഗമായി സര്‍വ്വീസ് റോഡില്‍ ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നതെന്നും അതിനാലാണ് ട്രിപ്പ് റദ്ദാക്കി ബസ്സുകള്‍ സ്റ്റാണ്ടില് നിര്‍ത്തിയിടേണ്ട സാഹചര്യം വരുന്നതെന്നും ബസ് ജീവനക്കാര്‍ പറയുന്നു. ബസ്സ്റ്റാണ്ട് കെട്ടിടം പൂര്‍ണ്ണമായും കയ്യടക്കി വഴി പോലും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ക്കെതിരെയും നഗരസഭയില്‍ പരാതിയുണ്ട്.