പയ്യോളി: ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി ഗതാഗതം വഴി തിരിച്ചു വിട്ടതിനുശേഷവും തുടരുന്ന അനധികൃത പാർക്കിങ്ങിനെതിരെയാണ് പോലീസ് നടപടിയെടുത്തത്.
കാൽനടയാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
പയ്യോളി ജംഗ്ഷനിൽ നിന്ന് ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെയുള്ള സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങൾക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടിയെടുത്തത്.
നേരത്തെ നോ പാർക്കിംഗ് അടക്കമുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടും പലതവണ നേരിട്ട് ആവശ്യപ്പെട്ടിട്ടും അനധികൃത പാർക്കിംഗ് തുടരുന്ന സാഹചര്യത്തിലാണ് പോലീസ് പിഴ ചുമത്തൽ അടക്കമുള്ള നടപടികൾ സ്വീകരിച്ചത്. നിലവിൽ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്റ്റിക്കറുകൾ ഒട്ടിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തിരിക്കുന്നത്.
സർവീസ് റോഡ് വഴിയുള്ള ഗതാഗതത്തിന് ഡ്രൈനേജ് ഉൾപ്പെടെയുള്ള ഭാഗമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ ഡ്രൈനേജിന്റെ മുകളിലാണ് ഇരുചക്രവാഹനങ്ങൾ കൂട്ടമായി നിർത്തിയിടാറുള്ളത്. പലപ്പോഴും സമീപത്തെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പോകാൻ വേണ്ടി ആളുകൾ ഡ്രൈനേജിനു മുകളിൽ പാർക്ക് ചെയ്യുന്നത് പതിവാണ്. എന്നാൽ ഇക്കാര്യത്തിൽ ആവശ്യമായ ബോധവൽക്കരണം കൂടി നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.