പകര്‍ച്ചപ്പനി പ്രതിരോധം: ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി

news image
Jun 21, 2023, 12:26 pm GMT+0000 payyolionline.in

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്ടര്‍മാരുടെ സംഘടനകള്‍ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍ തുടങ്ങീ സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന് നിര്‍ദേശവും നല്‍കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാമ്പയിനില്‍ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികള്‍ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണം. പകര്‍ച്ചപ്പനി ബാധിതരെ ചികിത്സിക്കാന്‍ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. തുടര്‍പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തും. സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനുമുള്ള ബോധവത്ക്കരണത്തില്‍ പങ്കാളികളാകണം. ചികിത്സാ പ്രോട്ടോകോള്‍ നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു. പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ ഈ കാലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് യോഗം വിലയിരുത്തി. ഐഎംഎ, ഐഎപി, കെഎഫ്ഒജി, കെജിഎംഒഎ, കെജിഒഎ, കെജിഎംസിടിഎ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe