കുന്ദംകുളം: തൃശൂർ കുനംമൂച്ചിയിൽ 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ രണ്ടു യുവതികളെയും കോടതി റിമാന്റ് ചെയ്തു. പ്രതികളിലൊരാളായ സുരഭി എബിവിപി പ്രവര്‍ത്തകയായിരുന്നു. ചൂണ്ടല്‍ സ്വദേശിനി സുരഭി എന്ന 23 കാരിയേയും കണ്ണൂര്‍ സ്വദേശി പ്രിയയേയുമാണ് കഴിഞ്ഞ ദിവസം കുന്ദംകുളം പൊലീസ് പൊക്കിയത്. ഇതിൽ സുരഭി വിവേകാനന്ദ കോളെജില്‍ പഠിക്കുന്ന കാലത്ത് എബിവിപി അനുഭാവിയായിരുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കോണ്‍ഗ്രസ്, സിപിഎം പ്രൊഫൈലുകളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.
സുരഭിയുടെ സഹോദരി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും സുരഭിക്ക് വിദ്യാര്‍ഥി സംഘടനയിലോ പാര്‍ട്ടിയിലോ ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി വിശദീകരണം. സുരഭിയും സുഹൃത്തായ കണ്ണൂര്‍ സ്വദേശി പ്രിയയുമാണ് കുന്നംകുളത്തെ ലഹരി വില്പനയിലെ കണ്ണികളെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കുന്ദംകുളം പൊലീസ് ഇരുവരെയും കുടുക്കാനായി വലവിരിച്ചത്.
ആവശ്യക്കാരെന്ന വ്യാജേന പൊലീസ് ഇരുവരെയും സമീപിച്ചു. പതിനെട്ട് ഗ്രാമിന് മുപ്പതിനായിരം രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. ബൈക്കില്‍ സാധനമെത്തിച്ചപ്പോള്‍ കൂനിച്ചിയില്‍ വച്ച് കൈയ്യോടെ പിടികൂടുകയായിരുന്നു. ഒരു പുതുവര്‍ഷ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചു തുടങ്ങിയ സുരഭി പിന്നീട് അടിമയാവുകയായിരുന്നെന്നാണ് പൊലീസിന് നല്കിയ മൊഴി. ജീവിക്കാനായി പണം കണ്ടെത്താനായിരുന്നു മയക്കുമരുന്ന് കച്ചവടം തുടങ്ങിയതെന്നും യുവതികള്‍ പൊലീസിനോട് പറഞ്ഞു.