നിലവാരമില്ലാത്ത കൊപ്രയെടുക്കാൻ കേരഫെഡിൽ നീക്കം

news image
Jun 22, 2023, 7:24 am GMT+0000 payyolionline.in

കൊച്ചി ∙ കൊപ്രയുടെ നിലവാര മാനദണ്ഡങ്ങളിൽ വെള്ളം ചേർത്തു കോടികളുടെ ക്രമക്കേടു മറയ്ക്കാൻ കേരഫെഡിൽ ശ്രമം തകൃതി. ഉണക്കാനായി നാളികേര വികസന കോർപറേഷനു കേരഫെഡ് കൈമാറിയ പച്ചത്തേങ്ങയിൽ 28.23 ലക്ഷം കിലോഗ്രാം കൊപ്ര ഇനിയും തിരികെ ലഭിക്കാത്തതിനാൽ 9.3 കോടി രൂപ നഷ്ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ മറികടക്കാനാണു നീക്കം നടക്കുന്നത്.

കരാറുകാരെത്തിച്ച നിലവാരം തീരെയില്ലാത്ത കൊപ്ര സ്വീകരിക്കാൻ കേരഫെഡിന്റെ നിലവാര പരിശോധകർ വിസമ്മതിച്ചതിനാലാണ് ഈ കുറവുണ്ടായത്. നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി നിലവാരം കുറഞ്ഞ കൊപ്ര ഉള്ളിലെത്തിച്ച്  ഈ നഷ്ടക്കണക്കു തിരുത്താനുള്ള ശ്രമത്തിലാണു കേരഫെഡ് ഉന്നതർ. കൊപ്രയിൽ നിലവിൽ അനുവദനീയമായ റബറി ഫംഗസ് 16–17%, ഈർപ്പം 9% എന്ന മാനദണ്ഡം ഉയർത്തണമെന്നാണ് ആവശ്യം.

കൊപ്രയുടെ നിലവാരം കുറയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യം ഇന്നു കേന്ദ്ര ഓഫിസിൽ ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സിപിഐ അനുകൂല അംഗങ്ങൾ ഉയർത്തുമെന്നാണു വിവരം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് എണ്ണത്തിൽ കൂടുതലുള്ള സിപിഎം അംഗങ്ങൾ. എംഡിയുടെ ഒത്താശയോടെയാണ് അഴിമതിക്കുള്ള സിപിഐ ശ്രമമെന്നും സിപിഎം അംഗങ്ങൾ ആരോപിക്കുന്നു. കഴിഞ്ഞ ബോർഡ് യോഗത്തിൽ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടു സിപിഎം അംഗങ്ങൾ ബഹളം വച്ചതിനെ തുടർന്നു രൂപീകരിച്ച മൂന്നംഗ സമിതി അന്വേഷണം പൂർത്തിയാക്കി. നാളികേര വികസന കോർപറേഷൻ തേങ്ങയുണക്കാൻ  ഉപകരാർ നൽകിയ സ്വകാര്യ ഏജൻസികളുടെ 11 ഡിപ്പോകളിൽ സമിതി പരിശോധന നടത്തി. നാളികേര വികസന കോർപറേഷൻ കേരഫെഡിനു നൽകേണ്ട കൊപ്രയിൽ 10,000 ചാക്കിന്റെയെങ്കിലും കുറവു കണ്ടെത്തിയതായാണു വിവരം.

സംഭരിച്ച പച്ചത്തേങ്ങ കൊപ്രയാക്കുന്നതിനായി കേരള നാളികേര വികസന കോർപറേഷനും മറ്റൊരു സ്വകാര്യ സ്ഥാപനത്തിനും നൽകിയ കരാറിലെ വീഴ്ചകൾ മൂലം കേരഫെഡിന് 22 കോടിയോളം രൂപ നഷ്ടം വരുമെന്നു ചൂണ്ടിക്കാട്ടി എംഡിക്ക് ഓ‍ഡിറ്റർ കത്തു നൽകിയതോടെയാണു ക്രമക്കേടു പുറത്തായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe