നിതിൻ രാജിന്റെ ആത്മഹത്യ: ലോൺ ആപ്പ് മാഫിയ നോയിഡയിൽ പിടിയിൽ; വലയിലായത് ഉത്തരേന്ത്യൻ സ്വദേശികൾ

news image
Apr 18, 2026, 3:17 am GMT+0000 payyolionline.in

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോൺ ആപ്പ് മാഫിയയെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. നോയിഡയിൽ ഒളിവിൽ കഴിയുകയായിരുന്ന മൂന്നംഗ സംഘത്തെയാണ് അന്വേഷണസംഘം വലയിലാക്കിയത്.

‘ഇൻസ്റ്റന്റ് ഫണ്ട്‌സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), യു.പി സ്വദേശി പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണ് അറസ്റ്റിലായത്. നിതിൻ രാജിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും മാനസികമായി പീഡിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആപ്പിൽ നിന്ന് നിതിൻ 15,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ആപ്പ് അധികൃതർ നിതിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കി ഭീഷണി തുടങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി നിതിന്റെ അധ്യാപികയായ ലതയ്ക്ക് ഫോൺ കോളുകൾ പോയതോടെയാണ് പ്രശ്നം വഷളായത്. പ്രിൻസിപ്പലിന്റെ ചേംബറിൽ വിളിച്ച് അധ്യാപകർ നിതിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഏപ്രിൽ പത്തിന് നിതിൻ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള സമ്മർദ്ദം ലോൺ ആപ്പ് അധികൃതരിൽ നിന്ന് ഉണ്ടായെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ലോൺ ആപ്പിന് പുറമെ, കോളേജിലെ അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനവും നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതായി കുടുംബം ആരോപിക്കുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം, അധ്യാപിക സംഗീത എന്നിവർ നിറത്തിന്റെയും ജാതിയുടെയും പേരിൽ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നു. ഇന്റേണൽ മാർക്കിനെച്ചൊല്ലിയും നിതിനോട് ഇവർ വൈരാഗ്യം കാണിച്ചിരുന്നു. കേസിൽ പ്രതികളായ റാം, സംഗീത എന്നിവർ നിലവിൽ ഒളിവിലാണ്. റാമിനെ മാനേജ്‌മെന്റ് പുറത്താക്കുകയും രണ്ടുപേരെയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മരിച്ച ദിവസം പോലും നിതിൻ അപകടത്തിൽപ്പെട്ട വിവരം മാത്രമാണ് കോളേജ് അധികൃതർ വീട്ടിൽ അറിയിച്ചതെന്നും മരണവാർത്ത മറച്ചുവെച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സൈബർ സെൽ ചക്കരക്കൽ പൊലീസിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ലോൺ ആപ്പ് പ്രതികളെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ഒളിവിലുള്ള അധ്യാപകർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe