കോട്ടയം: നമ്മളറിയാതെ നമ്മുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ. ഈ സംവിധാനത്തിലൂടെ വ്യാജകണക്ഷനുകൾ നീക്കം ചെയ്യാനും സാധിക്കും. ഈ സംവിധാനം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ഉപദേശമാണ് കേരള പൊലീസും നൽകുന്നത്.
തങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് വ്യാജ കണക്ഷനുകളുണ്ടാക്കി ഉപയോഗിക്കുന്നെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഈ സംവിധാനം ഉപയോഗിച്ച് വ്യാജനെ പിടികൂടാനുള്ള ഉപദേശം കേരള പൊലീസ് നൽകുന്നത്.sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക്ഷൻസ്’ എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും അതിലേക്ക് വരുന്ന ഒ.ടി.പി നമ്പറും നൽകുന്നതോടെ അതേ കെ.വൈ.സി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റ് ഫോൺ കണക്ഷനുണ്ടെങ്കിൽ അവ ഏതൊക്കെയാണ് ആ നമ്പറുകളെന്ന് കാണാനും സാധിക്കും.
അതിൽ നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ (not my number)’ എന്ന് കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ച് സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും. തുടർന്ന് ആ നമ്പറുകൾ ബ്ലോക്കാക്കുകയും ചെയ്യും.
ഫോണിലെ വിവരങ്ങൾ ചോർത്തുന്ന ‘ഇൻസ്റ്റന്റ് ലോൺ’ ആപ് തട്ടിപ്പിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്. ‘ഇൻസ്റ്റന്റ് ലോൺ’ സംവിധാനത്തിൽ പറഞ്ഞ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെയാണ് ഈ തട്ടിപ്പിൽ വീഴുക. ഭീമമായ പലിശ നൽകേണ്ടി വരുമെന്നത് മാത്രമല്ല ഫോണിലെ സ്വകാര്യവിവരങ്ങൾ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പാണിതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ആപ്പ് ഇൻസ്റ്റാൾ ആകണമെങ്കിൽ നമ്മുടെ മൊബൈൽ ഫോൺ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്സസ് അവർക്ക് നൽകേണ്ടി വരും. ഇത്തരത്തിൽ ഫോണിലെ വിവരങ്ങൾ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ പലരീതിയിലുള്ള ചൂഷണത്തിന് നമ്മെ വിധേയമാക്കാനുള്ള സാഹചര്യമാണ് ഇതിലൂടെയുണ്ടാകുകയെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.