നന്തിബസാർ: ദേശീയപാതയിലെ നന്തി മേൽപ്പാലത്തിന് മുകളിൽ ടാങ്കർ ലോറിയും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകീട്ട് 3.50-ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള (KA 48 A 3111) ടാങ്കർ ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ട് സ്ലിപ്പായി ഇ.വി. കാറിലും പിക്കപ്പ് ഗുഡ്സ് വാനിലും ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി സ്വപ്നയ്ക്ക് കൈയ്ക്ക് നിസ്സാരമായി പരിക്കേറ്റു. കോഴിക്കോട്ട് ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ഇടിയിൽ ഇ.വി. കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടുകയും വീൽ ജോയിന്റ് ജാമാവുകയും ചെയ്തതോടെ വാഹനം മേൽപ്പാലത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാതിരുന്നതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണമായത്. ഇതോടെ ദേശീയപാതയിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വിവരമറിഞ്ഞ് പോലീസെത്തി വാഹനം മാറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. യാത്രക്കാർ മറ്റ് വഴികൾ സ്വീകരിക്കേണ്ടതാണ്.
