പാലക്കാട്: നടിയും നര്‍ത്തകിയുമായ മാളവികയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിൽ മോഷണം. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നു. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടന്നത്. രാവിലെ ജോലിക്കാരി എത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലാണ്. പലതും പൊട്ടിച്ചിട്ടുമുണ്ട്. മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണ് മോഷ്ടാവ് പ്രധാനമായും കവർന്നത്. സ്വർണ്ണവും പണവും വീട്ടിൽ വച്ചിരുന്നില്ല എന്നതിനാൽ ഇത് നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു.
മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയിൽ നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായി. റെയിൽ കോട്ട് ധരിച്ച് മുഖം തോർത്ത് ഉപയോഗിച്ച് മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.