ദേശീയപാതയിൽ മാലിന്യനിക്ഷേപം തുടരുന്നു; അയനിക്കാട് നടുറോഡിൽ തള്ളിയത് ഇരുപതോളം ചാക്ക് മാലിന്യങ്ങൾ

news image
Apr 21, 2026, 11:28 am GMT+0000 payyolionline.in

പയ്യോളി: നിർമ്മാണം പൂർത്തിയായി വരുന്ന ദേശീയപാതയിൽ വീണ്ടും വൻതോതിൽ മാലിന്യം തള്ളി. അയനിക്കാട് പോസ്റ്റ് ഓഫീസിനും കളരിപ്പടി ബസ് സ്റ്റോപ്പിനും ഇടയിലുള്ള റോഡിലാണ് ഇരുപതിലധികം ചാക്കുകളിലായി ഖരമാലിന്യം നിക്ഷേപിച്ചത്. ഇന്ന് രാവിലെയോടെയാണ് നടുറോഡിൽ ചാക്കുകൾ നിരത്തിയിട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഗതാഗതത്തിനായി പൂർണ്ണമായും തുറന്നുനൽകാത്ത ഭാഗത്താണ് സാമൂഹ്യവിരുദ്ധർ അജൈവ മാലിന്യങ്ങൾ തള്ളിയത്. പയ്യോളി ഭാഗത്തുനിന്നെത്തിയ വാഹനത്തിലാണ് മാലിന്യം എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്ത് വാഹനസഞ്ചാരം കുറവായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മാലിന്യം തള്ളാൻ എളുപ്പമാണെന്നത് ഇക്കൂട്ടർ മുതലെടുക്കുകയാണ്.

സമീപകാലത്തായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യനിക്ഷേപം പതിവാകുകയാണ്. നന്തി, മൂടാടി തുടങ്ങിയ സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അയനിക്കാട് വൻതോതിൽ ഖരമാലിന്യം തള്ളിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe