തൃശ്ശൂർ: ചേലക്കരയിൽ കുഴിച്ചിട്ട കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പ് കാണാനില്ലെന്ന് വെറ്ററിനറി സർജൻ. മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയത്. ഒരു കൊമ്പ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്പെന്നും വെറ്ററിനറി സർജൻ വ്യക്തമാക്കി. ജഡം കണ്ടെത്തിയ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ മണിയഞ്ചിറ റോയ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.
വനം വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ ജഡം കുഴിച്ചുമൂടിയെന്നായിരുന്നു വിവരം. സ്ഥലത്ത് ജെസിബി എത്തിച്ച് മണ്ണ് മാന്തി നടത്തിയ പരിശോധനയിൽ ആനയുടെ അസ്ഥികൂടമാണ് ലഭിച്ചത്. തുടക്കത്തിൽ രണ്ടര മാസത്തെ പഴക്കം ആനയുടെ ജഡത്തിനുണ്ടെന്നായിരുന്നു കരുതിയത്. എന്നാൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ദിവസം മാത്രം പഴക്കമുള്ളതാണ് അസ്ഥികൂടമെന്ന് വ്യക്തമായി.
ഏകദേശം 15 വയസ് പ്രായമുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടെത്തിയത്. ആനയ്ക്ക് വെടിയേറ്റതാണോയെന്നായിരുന്നു സംശയം. പ്രാഥമിക പരിശോധനയിൽ വെടിയേറ്റിട്ടില്ലെന്നാണ് കണ്ടെത്തിയത്. ആനയുടെ ജഡം വേഗത്തിൽ അഴുകുന്നതിന് എന്തെങ്കിലും രാസപദാർത്ഥം ഒഴിച്ചിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്.
ആനയെ വേട്ടയാടി കൊലപ്പെടുത്തിയതാണോ ഷോക്കേറ്റ് കൊല്ലപ്പെട്ടതാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടക്കേണ്ടതുണ്ട്. ആന ചരിഞ്ഞാൽ വനം വകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ആനയെ കൊലപ്പെടുത്തിയതാണെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.