തിരുവനന്തപുരം: കൊവിഡ് കാലത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് ആരോപണം. 2019-2020 കാലത്തെ ഇടപാടിൽ 46ലക്ഷം രൂപ കാണാതായെന്നാണ് വിവരം. കരാറുകാർക്ക് നൽകിയ തുകയിൽ നിന്ന് നികുതി വെട്ടിച്ചെന്നും ആരോപണമുണ്ട്. ലാബുകളിൽ നിന്നുള്ള വരുമാനം ബാങ്കിൽ അടച്ചില്ല. ലെഡ്ജറിൽ ക്രമക്കേട് വരുത്തിയും പണം കവർന്നെന്നുമാണ് കണ്ടെത്തൽ. ആരോഗ്യമന്ത്രി നൽകിയ പരാതിയിൽ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2019 – 2020 കൊവിഡ് കാലത്താണ് അടിമുടി ക്രമക്കേടെന്ന് കണ്ടെത്തൽ. ആശുപത്രി വികസന സൊസൈറ്റിയുടെ ഇടപാടിലെ ഗുരുതര ക്രമക്കേടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 46 ലക്ഷം രൂപ ബാങ്കിലടയ്ക്കാതെ തട്ടിയെടുത്തെന്നാണ് ഉയരുന്ന ആരോപണം. ഓഡിറ്റ് വകുപ്പിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചിരിക്കുന്നത്. 46 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പരാതിയുമായി മുന്നോട്ട് പോകുന്നത്. ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണം എന്നാണ് ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് സൂപ്രണ്ട് പൊലീസിന് പരാതി നൽകും. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയാണ് ആദ്യ നീക്കം.
എംആർഐ, സിറ്റി സ്കാൻ ലാബുകളിലെ പണമാണ് ബാങ്കുകളിൽ അടക്കാതെ തട്ടിയെടുത്തതെന്നാണ് വിവരം. 46 ലക്ഷം രൂപ ലഡ്ജർ ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആ പണം ബാങ്കിലടയ്കാതെ കവർന്നെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. കരാർ ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതിലടക്കം വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ക്രമക്കേടിന്റെ വ്യാപ്തി ആരോഗ്യ വകുപ്പിന് ബോധ്യപ്പെടുന്നത്. ആരോഗ്യ വകുപ്പിന്റെ പരാതിയെ ഗൗരവമായി തന്നെ കണ്ട് അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. വിജിലൻസ് അന്വേഷണത്തിനടക്കം ആഭ്യന്തര വകുപ്പ് നിർദേശം നൽകാനാണ് സാധ്യത.
