താനൂർ ബോട്ട് അപകടം: നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു; ബോട്ട് ഡ്രൈവറും സഹായിയും ഒളിവിൽ

news image
May 8, 2023, 3:43 pm GMT+0000 payyolionline.in

മലപ്പുറം: 22 പേർ മരിച്ച താനൂർ അപകടത്തിലെ ബോട്ട് ഉടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. നാസറിനെ കോഴിക്കോട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടിന്റെ ഡ്രൈവറും സഹായിയും ഇപ്പോഴും ഒളിവിലാണ്. നാസർ നെടുമ്പാശ്ശേരി വഴി രക്ഷപ്പെടാൻ നീക്കം നടത്തിയത് ഇന്നലെ രാത്രി. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ കോഴിക്കോട്ടേക്ക് മടങ്ങിയെത്തി. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.  നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്‍റെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു.

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം എറണാകുളത്ത് വെച്ച് പിടിയകൂടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നായിരുന്നു ഇന്നലെ ലഭിച്ച സൂചന. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ഇന്നലെ അപകടം നടന്നയുടൻ ഒളിവിൽ പോയിരുന്നു.

ഇന്നലെ ഏഴരയോടെയാണ് താനൂരിൽ വിനോദസഞ്ചാര ബോട്ട് അപകടത്തിൽ പെട്ടത്. ദുരന്തത്തിൽ 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരിച്ചവരിൽ 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമുൾപ്പെടുന്നു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കൽ, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേർ ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe