കൊച്ചി: 22 പേർ മരിക്കാനിടയായ മലപ്പുറം താനൂർ ബോട്ടപകടത്തിലെ പത്താം പ്രതിക്ക് ഹൈകോടതിയുടെ ജാമ്യം. ബോട്ട് ജീവനക്കാരനായ താനൂർ ചെമ്പന്റെ പുരക്കൽ മുഹമ്മദ് റിൻഷാദിനാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബോട്ടിലേക്ക് ആളുകളെ വിളിച്ചുകയറ്റുന്ന ജോലിയായിരുന്നു 19കാരനായ റിന്‍ഷാദിന്.
മഞ്ചേരി ജില്ല സെഷൻസ് കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിക്കാരന്റെ പ്രായക്കുറവും 65 ദിവസമായി ജയിലിൽ കഴിയുന്നതും ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലാത്തതുമടക്കം പരിഗണിച്ചാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം, ബോട്ടപകടത്തെ തുടർന്ന് അറസ്റ്റിലായ കേരള മാരിടൈം ബോർഡ് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, വി.വി. പ്രസാദ് എന്നിവരുടെ ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. മാധ്യമങ്ങളുടെ വായടക്കാൻ വേണ്ടിയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഇവർ ഹരജി നൽകിയിരിക്കുന്നത്. സ്രാങ്കും ലാസ്കറുമടക്കം 24 പേർ കയറാവുന്ന ബോട്ടിൽ 52 പേർ കയറിയതാണ് മേയ് ഏഴിലെ അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്.