‘താക്കോലെടുക്കാൻ മറന്നു, കാറുമായി കള്ളൻ മുങ്ങി, ആർസി മാറ്റാൻ ഒടിപി എത്തി’; കോഴിക്കോട് കള്ളനെ വളഞ്ഞിട്ട് പൊക്കി പൊലീസ്

news image
Jun 17, 2023, 11:53 am GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട കാർ മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പിടികൂടിയത്.   ജില്ല ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ പി എസ്സിന്‍റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ്  ഫോർഡ് ഫിയസ്റ്റ കാർ മോഷണം പോയത്.

നഗരത്തിലുള്ള ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പമെത്തിയ യുവാവിന്‍റെ കാറാണ് മോഷണം പോയത്. പാർക്ക് ചെയ്ത് പോയപ്പോൾ ഉടമ കാറിന്‍റെ താക്കോൽ എടുക്കാൻ മറന്നിരുന്നു. പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാർ നിർത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാർ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശന്‍റെ  മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് പോലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണമാരംഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുന്നതിനും മുമ്പ് ഇത്തരം വാഹനങ്ങൾ മോഷണം നടത്തിയവരെ രഹസ്യമായി നിരീക്ഷിക്കുന്നതിനുമായി സംഘം പല വിഭാഗങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. സിറ്റിയിൽ നിന്നും കിലോമീറ്ററിനുള്ളിലെ പെട്രോൾ പമ്പിലേത് ഉൾപ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. വലിയ സ്ക്രീനിൽ വെച്ച് നോക്കിയെങ്കിലും അവ്യക്തമായ ദൃശ്യങ്ങളായിരുന്നു പൊലീസിന് ലഭിച്ചത്.

അന്വേഷണത്തിൽ  പ്രതിയെ കുറിച്ചുള്ള ഏകദേശ  സൂചന പോലീസിന് ലഭിച്ചിരുന്നു. അതിനിടെയാണ് ആർ.സി മാറ്റുന്നതിനിടെ ഒ.ടി.പിക്കായി യഥാർത്ഥ ഉടമസ്ഥന് ഒരു ഓൺലൈൻ സ്ഥാപനത്തിൽ നിന്നും വിളി വരുന്നത്. വിവരമറിഞ്ഞ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആർ.സി മാറ്റാൻ വന്നവരെ കാണുകയും ചെയ്തു. അവർ നാലു ദിവസം മുമ്പ് മറ്റൊരാളോട് വാഹനം വാങ്ങിയതായിരുന്നു. തുടർന്ന് അവരൊടൊപ്പം മോഷണം നടത്തിയ ഷറഫുദീന്‍റെ  വീട്ടിലെത്തി പ്രതിയെ പൊക്കുകയായിരുന്നു. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം വളഞ്ഞിട്ട് ഇയാളെ പൊക്കി.

വിദേശത്ത് ജോലി ചെയ്തിരുന്ന ഷറഫുദീൻ നാട്ടിലെത്തി വണ്ടി കച്ചവടം നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തിരുന്നു.  തുടർന്ന് ജോലി അന്വേഷിച്ച് കോഴിക്കോട് എത്തി. നഗരത്തിൽ മദ്യപിച്ച ശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് വാഹനം മോഷണം നടത്തി കടന്നു കളഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശൻ പറഞ്ഞു. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ റസ്സൽ രാജ്, കെ. പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്. ശ്രീകാന്ത് എസ്.ശരത്ത്, ഇ.ടി ജിനു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe