തിരുവനന്തപുരം:കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം നിരുത്തരവാദപരവും സങ്കുചിതവും തുഗ്ലക് മാതൃകയുമാണെന്നു ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ) വിമർശിച്ചു. തിരുവനന്തപുരത്ത് നിന്ന് സ്ഥാപനങ്ങളും പദ്ധതികളും ഹൈജാക്ക് ചെയ്യാൻ മധ്യകേരളത്തിലെ ഒരു ലോബിയുടെ ഹിഡൻ അജണ്ടയുണ്ടെന്ന വർഷങ്ങളായുള്ള ടിസിസിഐ നിലപാട് ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നീക്കമെന്നും ടിസിസിഐ ചൂണ്ടിക്കാണിച്ചു.
തിരുവിതാംകൂർ കാലഘട്ടം മുതൽ തന്നെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തിരുവനന്തപുരത്തെ വികസിപ്പിച്ചതാണെന്നും ആ സംവിധാനങ്ങൾ മികച്ച രീതിയിൽ ഇന്നും നിലനിൽക്കുന്നുണ്ടെന്നും ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറിയതും സംസ്ഥാനങ്ങളുടെ പുനഃസംഘടനാ നിയമം പാസ്സായതോടെ കേരളത്തിന്റെ തലസ്ഥാനം ആയതുമായ വലിയ ചരിത്രം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തലസ്ഥാനത്തിന്റെ പ്രാധാന്യവും തന്റെ ആവശ്യങ്ങളുടെ പ്രായോഗികതയും ദൂരവ്യാപക പ്രത്യാഘാതങ്ങളും ഒരു എംപി അറിഞ്ഞിരിക്കണമെന്നും, ഇത്തരം നീക്കങ്ങൾ സംസ്ഥാനത്തിന്റെ ഐക്യവും സന്തുലിതാവസ്ഥയും തകർക്കുകയും ജനങ്ങളെ ഭിന്നിപ്പിച്ചു സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും രഘുചന്ദ്രൻ നായർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ തലസ്ഥാനം ആകണം എന്ന അവകാശവാദം മുംബൈ ഉന്നയിക്കുകയും തിരുവിതാംകൂർ, കൊച്ചി, മലബാർ സംസ്ഥാനങ്ങൾ പഴയതുപോലെ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉണ്ടാവുകയുമൊക്കെ ചെയ്താൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
തലസ്ഥാനം ഒരു പുതിയ ജില്ലയിലേക്ക് മാറ്റുന്നത് വകുപ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനും ഭരണപരമായ തകർച്ചയ്ക്കും ഇടയാക്കുമെന്നു ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി) പറഞ്ഞു. പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനും ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള ചെലവ് സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർലമെന്റിൽ എംപി നിർദ്ദേശിച്ച സ്വകാര്യ ബില്ലിനെതിരെ എതിർപ്പ് ഉന്നയിക്കുകയും ആവശ്യം നിരസിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്ത കേരള സർക്കാരിന്റെ തീരുമാനത്തെ ടിസിസിഐ അഭിനന്ദിച്ചു.