തലശ്ശേരി: ബുധനാഴ്ചയുണ്ടായ തോരാത്ത മഴയിൽ ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മണിക്കൂറോളം നീണ്ട മഴയിൽ മിക്ക റോഡുകളും വെളളത്തിനടിയിലായി.നഗരത്തിൽ കുയ്യാലി, നാരങ്ങാപുറം, എം.എം. റോഡ്, മഞ്ഞോടി, പുതിയ റോഡ്, മാടപ്പീടിക, ഇല്ലത്ത്താഴ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഇവിടങ്ങളിൽ യാത്ര ദുഷ്കരമായി. തോരാതെയുള്ള മഴയിൽ റോഡിൽ നഗരത്തിൽ പലയിടത്തും ഗതാഗത കുരുക്കും രൂക്ഷമായി.
നഗരത്തിൽ അടുത്ത കാലത്തായി ഉയരം കൂട്ടിയ റോഡുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴക്കാല പൂർവ ശുചീകരണം നടത്തിയിട്ടും നഗരത്തിലെ പ്രധാന ഓവുചാലുകളിൽ മാലിന്യം അവശേഷിക്കുകയാണ്. കുയ്യാലി, മാടപ്പീടിക, ഇല്ലത്ത് താഴെ, ടെമ്പിൾ ഗേറ്റ് പുതിയ റോഡ് പ്രദേശങ്ങളിൽ മഴ കനക്കുമ്പോൾ നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ കോമ്പൗണ്ട് വരെ വെള്ളം ഇരച്ചുകയറുന്ന അവസ്ഥയുണ്ട്.