കൽപറ്റ ∙അധ്യാപികയുടെ പാട്ടിനു ക്ലാസ് മുറിയിലെ ഡസ്കിൽ താളമിട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ കാട്ടിക്കുളം ഗവ. എച്ച്എസിലെ അഭിജിത്തിന് ടി. സിദ്ദീഖ് എംഎൽഎയുടെ വക തബല സമ്മാനം. നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ് അഭിജിത്ത് സമ്മാനം ഏറ്റുവാങ്ങിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർഥികളെയും സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു.
സമഗ്രവിദ്യാഭ്യാസ പുരോഗതിക്കായി മണ്ഡലത്തിൽ ടി. സിദ്ദീഖ് എംഎൽഎ നടപ്പിലാക്കുന്ന സ്പാർക്ക് പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് നടത്തിയത്. മജിഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കു പരിശീലനം നൽകുന്ന സ്പാർക്ക് പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ കൽപറ്റയ്ക്ക് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും ലക്ഷ്യബോധമുള്ള ജനപ്രതിനിധികളാണു നാടിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
900 വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ആദരിച്ചു. യുഎസ് സ്കോളർഷിപ് നേടിയ ഹർഷ പ്രദീപ്, അമേരിക്കയിലെ നോർവിച്ച് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച ഷിംരോൺ ആലക്കൽ എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം ഉഷാ തമ്പി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. റിനീഷ്, എ.കെ. റഫീഖ്, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക, ആയിഷാബി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാക്ക് കൽപറ്റ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി.പി. ആലി, കെ.വി. മനോജ്, ബെന്നി വെട്ടിക്കൽ, എം. സുനിൽകുമാർ, കെ.ആർ. ബിനീഷ് എന്നിവർ പ്രസംഗിച്ചു.