ട്രെയിൻ നിരക്ക് കുറയും; ഇളവ് യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിൽ

news image
Jul 8, 2023, 10:56 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവു ബാധകമാകുക. ഇക്കാര്യത്തിൽ സോണുകൾക്ക് തീരുമാനമെടുക്കാമെന്നാണ് നിർദേശം.കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവുള്ളത്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെയായാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിർദേശം.

ഇതനുസരിച്ച് 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കാം. അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് മാറ്റം വരുത്തുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർച്ചാർജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കും. കുറഞ്ഞ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം, നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് നിരക്കിളവു ബാധകമല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe