തിക്കോടി: ഇത്തവണത്തെ മാതൃദിനത്തിൽ തിക്കോടിക്ക് അഭിമാനമായി കുനീമ്മൽ രമ്യ സുധീറിന് ‘ട്രൂത്ത് ഓഫ് മദേഴ്സ്’ കൂട്ടായ്മയുടെ പ്രത്യേക പുരസ്കാരവും അംഗീകാരവും. എറണാകുളം ടൗൺഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് രമ്യ ഈ നേട്ടം കൈവരിച്ചത്. വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പരിപാടിയിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം അമ്മമാരെയാണ് ഉൾപ്പെടുത്തിയത്. വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരായ അമ്മമാരുടെ പട്ടികയിലാണ് തിക്കോടി സ്വദേശിനിയായ രമ്യയും ഇടംപിടിച്ചത്.
വിവിധ രംഗങ്ങളിലെ സജീവ സാന്നിധ്യവും മികച്ച പ്രവർത്തനങ്ങളുമാണ് രമ്യയെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. ‘Bluli cakes’ എന്ന പേരിൽ ഹോം ബേക്കിങ് രംഗത്ത് വിജയകരമായ ഒരു സംരംഭം കെട്ടിപ്പടുക്കാൻ രമ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബിസിനസ്സ് രംഗത്തെ ഈ മികവിന് പുറമെ കഴിഞ്ഞ 16 വർഷമായി അധ്യാപന മേഖലയിലും ഇവർ സജീവമായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഒരു മികച്ച യോഗ ട്രെയിനർ കൂടിയായ രമ്യ, ഈ മേഖലകളിലെല്ലാം ഒരേപോലെ കഴിവ് തെളിയിച്ചതിനാണ് മാതൃദിനത്തിൽ വലിയൊരു വേദിയിൽ ആദരിക്കപ്പെട്ടത്.
