തിരുവനന്തപുരം: യുഎസ്, ക്യൂബ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച യാത്ര തിരിക്കും. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖരും ലോക കേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി വി പി ജോയി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജൂൺ ഒമ്പതിന് വെള്ളിയാഴ്ച ന്യൂയോർക്കിലെ 9/ 11 മെമ്മോറിയൽ മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. ജൂൺ 11ന് മാരിയറ്റ് മാർക്ക് ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെൻറ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ പ്രവാസി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
അന്ന് വൈകിട്ട് ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ജൂൺ 12ന് വാഷിംഗ്ടൺ ഡിസിയിൽ ലോക ബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡണ്ട് മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജൂൺ 13ന് മാരിലാൻഡ് വേസ്റ്റ് മാനേജ്മെൻറ് സംവിധാനങ്ങൾ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ച് മനസിലാക്കും. അമേരിക്കയിലെ പരിപാടികള്‍ക്ക് ശേഷം ജൂൺ 14ന് ന്യൂയോർക്കിൽ നിന്ന് ഹവാനയിലേക്ക് തിരിക്കും.
ജൂൺ 15 ,16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും. അതേസമയം, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ചെലവഴിക്കുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്നും മുഖ്യമന്ത്രി ധന വകുപ്പിനെ ഓര്‍മ്മിപ്പിച്ചു. പണമില്ലാത്തതിന്റെ പേരിൽ ക്ഷേമ പെൻഷൻ അടക്കം സാധാരണക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും മുൻഗണനാ ക്രമം നിശ്ചയിക്കമെന്നും ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.