ജ്വല്ലറിയിൽ ജോലി നൽകും; അബ്ദുൽ റഹീമിന്റെ താൽപര്യം അറിഞ്ഞശേഷം തീരുമാനം: ബോബി ചെമ്മണ്ണൂർ

news image
May 28, 2026, 3:42 am GMT+0000 payyolionline.in

കോഴിക്കോട്: സൗദി ജയിലിൽ നിന്നും മോചിതനായ അബ്ദുൽ റഹീമിനെ കാണാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തി വ്യവസായി ബോബി ചെമ്മണ്ണൂർ. അബ്ദുൽ റഹീമിനെ പുറത്തിറക്കാൻ ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് ബോബി ചെമ്മണ്ണൂർ നന്ദി പറഞ്ഞു. ജാതി മതത്തിന് അതീതമായി എല്ലാവരും സഹകരിച്ചുവെന്നും ഇതൊരു വേൾഡ് റെക്കോർഡ് ആണെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. 36 കോടിക്ക് പകരം നാൽപത് കോടി നൽകി ഒരു വ്യക്തിയെ രക്ഷിക്കാൻ ലോകത്ത് കേരളം മാത്രമെ ഉണ്ടായിട്ടുള്ളൂ. അബ്ദുൽ റഹീമിനെ കേരളത്തിലെ ജനത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

അബ്ദുൽ റഹീമിന് തന്റെ ജ്വല്ലറിയിൽ ജോലി നൽകണം എന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. അബ്ദുൽ റഹീമിന്റെ കൂടി അഭിപ്രായം തേടിയാകും തീരുമാനം. അബ്ദുൾ റഹീമിന്റെ മോചനത്തിനായി ബോബി ചെമ്മണ്ണൂർ ഒരു കോടി രൂപ കൈമാറിയിരുന്നു.

ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയായതോടെയാണ് റഹീമിന് പെരുന്നാൾ ദിനം തന്നെ നാട്ടിലെത്താൻ സാധിച്ചത്. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ ജയിലിലാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe