തിരുവനന്തപുരം> ജെസ്‌ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ല, എന്ത് സംഭവിച്ചു എന്നതിനും തെളിവില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു.
നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. 2018 മാര്‍ച്ച് 22നാണ് എരുമേലി വെച്ചൂച്ചിറ സ്വദേശി ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു .
മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. ചിലകടകളിലും സി സിടിവി ദൃശ്യങ്ങളിലും ജസ്‌നയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിനും അകത്തും പുറത്തും സി ബി ഐ അന്വേഷിച്ചെങ്കിലും ജസ്‌യെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സി ബി ഐക്ക് കഴിഞ്ഞില്ല.
ആദ്യം വെച്ചൂച്ചിറ പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. അതുകൊണ്ട് പ്രയോജനമില്ലാതെ വന്നപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. ഒടുവില്‍ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് കേസ് സിബിഐക്ക് വിട്ടത്.