കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16കാരി നസ്രീനയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ രണ്ട് മൊബൈൽ ഫോണുകൾ വീട്ടിലെ കിണറ്റിൽ നിന്നും കണ്ടെടുത്തു. പ്രതിയായ അദ്നാന്റെ ഫോണും ഇതേ കിണറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതി ജീവനൊടുക്കിയതിന് പിന്നാലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. കേസിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ നസ്രീന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ അന്വേഷണം സംഘം തീരുമാനിച്ചെന്നാണ് വിവരം.
അദ്നാൻ ജീവനൊടുക്കിയ മുറിയിൽ നിന്നും ഒരു ഫോൺ ലഭിച്ചിരുന്നു. പ്രതി തെളിവു നശിപ്പിക്കാൻ ശ്രമിച്ചെങ്കിൽ ഈ ഫോണും നശിപ്പിക്കേണ്ടതാണ്. പ്രതിയുടെ മരണശേഷം ഫോണുകൾ എങ്ങനെ കിണറ്റിലെത്തി എന്നതാണ് സംശയം ഉയർത്തുന്നത്. കുടുംബാംഗങ്ങളിൽ ആരെങ്കിലും തെളിവ് നശിപ്പിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്നതാണ് പൊലീസിന്റെ സംശയം.
ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നിന്നും കണ്ടെടുത്ത ഫോണുകൾ ഉടൻ ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കും. ഫോണിലുള്ള വിവരങ്ങൾ കൊലപാതകത്തിന്റെ കൂടുതൽ തെളിവുകളിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. നിലവിൽ മോഷണ ശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന നിലയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. കൊലപാതകം നടന്ന ദിവസം രാത്രി 7.30ഓടെയാണ് പ്രതി വീട്ടിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വിഷു ആഘോഷങ്ങളുടെ ഭാഗമായി കുടുംബം പടക്കം പൊട്ടിക്കുന്ന തിരക്കിനിടയിലാണ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ അദ്നാൻ അടുക്കള വാതിലിലൂടെ അകത്ത് കടന്നത്.
മോഷണ ശ്രമവും വ്യക്തിപരമായ പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നസ്രീനയുടെ വല്യുമ്മ ഉറങ്ങിക്കിടന്നപ്പോൾ തലയണയ്ക്കടിയിൽ നിന്നും താക്കോൽ മോഷ്ടിക്കാനും അതുപയോഗിച്ച് അലമാര തുറക്കാനും അദ്നാൻ ശ്രമിച്ചിരുന്നു. ഈ മോഷണ ശ്രമം തടഞ്ഞപ്പോഴാണോ നസ്രീന കൊല്ലപ്പെട്ടതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
