തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കണ്ണൂരിലായിരുന്ന അദ്ദേഹം വൈകിട്ട് ഏഴ് മണിയോടെ രാജ്ഭവനിലെത്തിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് രാജിക്കത്ത് കൈമാറിയത്. ഗവർണർ രാജി സ്വീകരിക്കുകയും പകരം സംവിധാനം ഉണ്ടാകുന്നത് വരെ ചുമതലയിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം പൂർണ്ണമായി പുറത്തുവന്നതിന് പിന്നാലെ ഗവർണറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് രാജിക്കത്ത് സമർപ്പിച്ചത്. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഫലം വ്യക്തമായതോടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. വരും ദിവസങ്ങളിൽ ഇടത് മുന്നണിയിൽ ഫലത്തെക്കുറിച്ചുള്ള വിശദമായ അവലോകനങ്ങൾ നടക്കും.
