കേരളത്തിന്റെ ജനനായകന് വിട: വിലാപയാത്രയിൽ ആയിരങ്ങൾ; ഇന്ന് വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം

news image
Jul 19, 2023, 2:46 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തി​െൻറ ജനകീയ നേതാവ് ഉമ്മൻ ചാണ്ടിക്ക് വിട നൽകി തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ ആയിരങ്ങൾ. സഹപ്രവർത്തകരെയും ജനങ്ങളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി പുതുപ്പള്ളി ഹൗസിൽ നിന്ന് അദ്ദേഹം പടിയിറങ്ങി. പ്രിയ നേതാവിനെ കാണാൻ ഇടമുറിയാതെ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഏഴ് മണിക്ക് തുടങ്ങി.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴിയാണ് കോട്ടയത്ത് എത്തുക. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം നടക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കുമെന്നാണ് വിവരം.

എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെയാണ് അന്ത്യശുശ്രൂഷകൾ ആരംഭിക്കുക.

അർബുദത്തിനു ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ബംഗളൂരുവിൽനിന്നു മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ചു. ശേഷം വിലാപയാത്രയായി സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe