കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന്റെ തകർച്ചയ്ക്ക് വഴിവെക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലാളികൾ വഴിയാധാരമാകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പ് വിജയത്തിനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന ഇത്തരം വാഗ്ദാനങ്ങൾ നിലവിൽ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഗൗരവകരമായ ചർച്ചകൾ നടക്കുന്നില്ലെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സ്വകാര്യ ബസുകളിലെ ഭൂരിഭാഗം യാത്രക്കാരും സ്ത്രീകളാണ്. ഇവർ കെഎസ്ആർടിസിയിലേക്ക് മാറിയാൽ വിദ്യാർത്ഥികൾക്കായി മാത്രം സർവീസ് നടത്തേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും ഇത് വ്യവസായത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.
പഴയ ബസുകളുമായാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നതെങ്കിൽ, പുതിയ ബസുകളുമായാണ് സ്വകാര്യ മേഖല രംഗത്തുള്ളത്. കനത്ത നഷ്ടം സഹിച്ചാണ് പലരും സർവീസ് തുടരുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു. ഗതാഗത മേഖല നേരിടുന്ന പ്രതിസന്ധികൾ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടമകൾ വ്യക്തമാക്കി. ചർച്ചകളില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് ഉടമകളുടെ തീരുമാനം.
