കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിയ കേസ്: കായികാധ്യാപകൻ അറസ്റ്റിൽ

news image
Oct 16, 2026, 8:20 am GMT+0000 payyolionline.in

കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപമുള്ള മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിയ കേസിൽ ഒളിവിലായിരുന്ന കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകനും വെള്ളറട ജങ്ഷൻ ദാസ് ഹൗസിൽ താമസക്കാരനുമായ ഡെനിൻ ദാസിനെയാണ് (44) പരുത്തിപ്പള്ളി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കേസിൽ ഒന്നാം പ്രതിയാണ് ഡെനിൻ ദാസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. കേരള-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായാട്ടുസംഘങ്ങളിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് വനം വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബർ 26-ന് പുലർച്ചെയാണ് മുക്കാട്ടുമല എസ്റ്റേറ്റിനുള്ളിൽ വെച്ച് കാട്ടുപോത്തിനെ സംഘം വെടിവച്ചു വീഴ്ത്തിയത്. തുടർന്ന് ഇറച്ചി കഷണങ്ങളാക്കി വാഹനത്തിൽ കടത്തുകയായിരുന്നു. കേരളത്തിൽ വേട്ടയാടുന്ന വന്യമൃഗങ്ങളുടെ മാംസം തമിഴ്‌നാട്ടിലെ ചില പ്രത്യേക റിസോർട്ടുകളിലേക്കാണ് ഇവർ കൈമാറിയിരുന്നത്. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഈ സംഘം ഇതിനുമുമ്പും നായാട്ട് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ ചിലരും ഈ നായാട്ടുസംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, അവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ പിടികൂടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻചന്ദ്രൻ, ഡെപ്യൂട്ടി ആർ.എഫ്.ഒ. അനിൽകുമാർ, എസ്.എഫ്.ഒ. അനിൽ, ബി.എഫ്.ഒ.മാരായ റോയ്, റോഷ്ണി, മനു, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe