‘കപട സദാചാരത്തിന്‍റെ മൂടുപടം പുതച്ച ‘സംരക്ഷകർ’; കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് രഹ്ന ഫാത്തിമ

news image
Jun 6, 2023, 1:06 pm GMT+0000 payyolionline.in

കൊച്ചി: കുട്ടിയെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള തുടർ  നടപടികൾ ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 15 ദിവസത്തെ ജയിൽവാസവും, മൂന്ന് വർഷത്തെ നിയമ യുദ്ധവും, മാനസിക സമ്മർദ്ധവും മാറ്റിനിർത്തിയാൽ ചരിത്രപരമായ വിധി സമ്പാദിക്കാൻ സാധിച്ചെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് രഹ്ന താൻ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ച് മനസ് തുറന്നത്.

‘ഒരു വീഡിയോ, അതിന്റെ ഡെസ്ക്രിപ്ഷനിൽ വ്യക്തമായി എഴുതിയ രാഷ്ട്രിയം പോലും കണക്കിലെടുക്കാതെ പൊതുബോധത്തിന്റെ കണ്ണുകളിലൂടെ നഗ്നതയെ നോക്കികണ്ടപ്പോൾ ഞാൻ 15 ദിവസം ജയിലിൽ ആയി. 15 ദിവസത്തെ ജയിൽവാസവും 3 – വർഷത്തെ നിയമ യുദ്ധവും, മാനസീക സമ്മർദ്ധവും മാറ്റിനിർത്തിയാൽ ഈ ചരിത്രപരമായ വിധി സമ്പാദിക്കാൻ കൂടെ നിന്നത് അഭിഭാഷകൻ രഞ്ജിത് മാരാർ ആണ്. എല്ലാത്തിനും ഉപരി സമാനതകളില്ലാത്ത അക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും അമ്മയെ ആശ്വസിപ്പിച്ചു ചേർത്ത് നിർത്തിയ എന്റെ മക്കളും. “Nudity is not Obscenity” എന്ന് കോടതി നമ്മുടെ സമൂഹത്തോട് വിളിച്ചു പറയുമ്പോൾ നമ്മുടെ വരും തലമുറയോടും ഇതേ സന്ദേശം കൊടുക്കാൻ നമ്മുക്ക് ആക്കട്ടെ’- രഹ്ന ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഒരുപാടു സന്തോഷം ഉള്ള ദിവസം ആയിരുന്നു ഇന്നലെ.
2020 – June മാസം ഞാൻ ഇട്ട ഒരു വീഡിയോ അതിന്റെ ഡെസ്ക്രിപ്ഷനിൽ വ്യക്തമായി എഴുതിയ രാഷ്ട്രിയം പോലും കണക്കിലെടുക്കാതെ പൊതുബോധത്തിന്റെ കണ്ണുകളിലൂടെ നഗ്നതയെ നോക്കികണ്ടപ്പോൾ. ഞാൻ 15 ദിവസം ജയിലിൽ ആയി.
2023 – June, മൂന്ന് വർഷങ്ങൾക്കിപ്പുറം പരമോന്നത നീതിപീഠത്തിന്റെ കണ്ണിലൂടെ നോക്കിയപ്പോൾ ഇന്ന് സ്ത്രീകൾ ശരീരത്തിന്റെ പേരിൽ അനുഭവിക്കുന്ന വിവേചനവും, പീഡനവും, അരുതായ്മകൾക്കും വിലകൽപ്പിക്കുന്നതും. അതേപോലെ ഇനി വരുന്ന ഒരു തലമുറയ്ക്ക് ശരീരത്തിന്റെ രാഷ്ട്രീയ വ്യക്തമാക്കി കൊടുക്കുന്ന ചരിത്രപരമായ ഒരു വിധി പുറപ്പെടുവിക്കാൻ കഴിഞ്ഞു.
15 ദിവസത്തെ ജയിൽവാസവും 3 – വർഷത്തെ നിയമ യുദ്ധവും, മാനസീക സമ്മർദ്ധവും മാറ്റിനിർത്തിയാൽ ഈ ചരിത്രപരമായ വിധി സമ്പാദിക്കാൻ കൂടെ നിന്ന എന്റെ വക്കീൽ രഞ്ജിത് മാരാർ , ഒരുപാടില്ലെങ്കിലും വിശ്വസിച്ചു കൂടെ നിന്ന വിരലിൽ എണ്ണാവുന്ന ചുരുക്കം ചില സുഹൃത്തുക്കൾ. എല്ലാത്തിനും ഉപരി സമാനതകളില്ലാത്ത അക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും അമ്മയെ ആശ്വസിപ്പിച്ചു ചേർത്ത് നിർത്തിയ എന്റെ “മക്കൾ”

നാളെ ഈ വിധി നിലനിൽക്കുന്നിടത്തോളം കപടസദാചാരത്തിന്റെ മൂടുപടം പുതച്ച സോ കോൾഡ് “സംരക്ഷകർ” നീയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച്, നഗ്നതയെ ദുർവ്യാഖ്യാനം ചെയ്തു മറ്റൊരു സ്ത്രീയുടെയോ, മക്കളുടെയോ ജീവിതത്തിലെ വിലയേറിയ 3 വർഷങ്ങൾ നഷ്ട്ടമാക്കാതിരിക്കാൻ  ഈ വിധിയെ അതിന്റെതായ പ്രാധാന്യത്തോടെ കാണണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
“Nudity is not Obscenity” എന്ന് കോടതി നമ്മുടെ സമൂഹത്തോട് വിളിച്ചു പറയുമ്പോൾ നമ്മുടെ വരും തലമുറയോടും ഇതേ സന്ദേശം കൊടുക്കാൻ നമ്മുക്ക് ആക്കട്ടെ.
“Nudity is not Obscenity”

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe