തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 17 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ 8 വാർഡുകളിൽ യുഡിഎഫും 7 വാർഡുകളിൽ എൽഡിഎഫും ഒരു വാര്‍ഡില്‍ ബിജെപിയും ജയിച്ചു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാലില്‍ നാലിടത്തും യുഡിഎഫിന് ജയം. രണ്ട് സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഏഴിക്കര, വടക്കേക്കര, പള്ളിപ്പുറം, മൂക്കന്നൂര്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപ്തി പ്രേജു 72 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി സോമന്‍ 62 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളില്‍ ഭരണമാറ്റം ഉണ്ടാകില്ല.
കൊല്ലം ജില്ലയിലെ രണ്ട് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും ജയം നേടി. യുഡിഎഫ് ഭരിക്കുന്ന ആദിച്ചനല്ലൂർ പഞ്ചായത്തിൽ പുഞ്ചിരിച്ചിറ രണ്ടാം വാർഡിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി തിരിച്ച് പിടിച്ചു. 100 വോട്ടുകൾക്കായിരുന്നു ബിജെപി സ്ഥാനാർത്ഥി എ എസ് രഞ്ജിത്തിന്റെ ജയം. എന്നാല്‍, വിജയംഭരണത്തിന് ഭീഷണിയില്ല. യുഡിഎഫ് ഭരിക്കുന്ന തെന്മല പഞ്ചായത്തിൽ 25 വർഷം യുഡിഎഫ് കയ്യടക്കി വച്ച ഒറ്റക്കൽ അഞ്ചാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 34 വോട്ടുകൾക്കായിരുന്നു സിപിഎമ്മിന്റെ എ എസ് അനുപമയുടെ ജയം. 16 വാർഡുള്ള തെന്മല പഞ്ചായത്തിൽ ഇതോടെ എൽഡിഎഫിനും യുഡിഎഫിനും അംഗ ബലം ഏഴായി. യുഡിഫിനെ പിന്തുണക്കുന്ന രണ്ട് സ്വതന്ത്രരുടെ തീരുമാനം പഞ്ചായത്ത് ഭരണത്തിന്റെ ഭാവി തീരുമാനിക്കും
കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽഡിഎഫ് നിലനിർത്തി. മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബി പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്. ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബി ഗീതമ്മ 9 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. മലപ്പുറം തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.