കണ്ണൂർ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. കണ്ണൂർ തളിപ്പറമ്പ് ഞാറ്റുവയലിൽ തെരുവ് നായ അക്രമത്തിൽ നിന്ന് 5 വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്ന് രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുന്നതിനിടെ ആയിരുന്നു സംഭവം. വീടിനു പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ മൂന്ന് നായ്ക്കൾ ഓടിക്കുകയായിരുന്നു. പെൺകുട്ടി വീടിനു അകത്തേയ്ക്ക് ഓടി കയറിയതിനാൽ അപകടം ഒഴിവായി. പിന്തിരിഞ്ഞ് ഓടുന്ന കുട്ടിയുടെ പുറകെ നായ്ക്കൂട്ടം ഓടി വരുന്നത് ദൃശ്യങ്ങളിൽ കാണാം. മത്സ്യ വ്യാപാരിയായ ഉനൈസിന്റെ മകൾ ഹംദ ഉനൈസിനെ ആണ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്.
കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും തെരുവ് നായ ആക്രമണത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. കാസര്‍കോട് ബേക്കലില്‍ വൃദ്ധയെ തെരുവ് നായക്കൂട്ടം മേലാസകലം കടിച്ചു പറിച്ചു. കൊല്ലം പൊളയത്തോട് തെരുവ് നായ ആക്രമണത്തില്‍ പത്ത് വയസുകാരന് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വിളപ്പിലില്‍ ആടിനെ നായ കടിച്ച് കീറി.