കണ്ണീരായി മുതലപ്പൊഴി; വള്ളം മറിഞ്ഞ് കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കിട്ടി

news image
Jul 11, 2023, 3:12 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മുഴുവൻ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കിട്ടി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്റെയും ബിജുവിന്‍റെയും മൃതദേഹം. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങൾ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.

ഇന്നലെ രാവിലെയായിരുന്നു സംഭവം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായി എന്ന വാർത്തയാണ് ആദ്യം പുറത്തു വന്നത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ  ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യതൊഴിലാളികളും മറൈൻ ഇൻഫോഴ്സ്മെൻറും ചേർന്നാണ് കാണാതായവര്‍ക്ക് വേണ്ടി തെരച്ചിൽ നടത്തിയത്.

അതേ സമയം, മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയാണെന്നും  ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നുമായിരുന്നു മന്ത്രിമാരുടെ വാർത്താകുറിപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe