തിരുവനന്തപുരം: ഏക സിവിൽ കോഡിലെ മോദിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്ന് തൃശൂർ മെത്രാപ്പൊലീത്ത യുഹാനോൻ മാർ മിലിത്തിയോസ്. തെരഞ്ഞെടുപ്പ് കണ്ടുള്ള വിഭജന തന്ത്രമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മണിപ്പൂരിൽ മിണ്ടാത്ത മോദിയാണ് സിവിൽ കോഡിനെക്കുറിച്ച് പറയുന്നത്. രാജ്യത്തിന്റെ അടിത്തറക്ക് വിരുദ്ധമായ പ്രസ്താവന ഉണ്ടാകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിക്കരുതായിരുന്നു. വിഷയത്തില്‍ സുതാര്യത വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും യുഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന വ്യക്തമായ സൂചന നൽകിയ മോദി, സുപ്രീംകോടതി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു.
ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നത്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു.