മുംബൈ : ഒമ്പത് എംഎൽഎമാർക്കൊപ്പം മറുകണ്ടം ചാടിയ അജിത് പവാറടക്കം മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി. അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നീ മുതിർന്ന നേതാക്കളെയും 9 എംഎൽഎമാരെയുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശരദ് പവാർ അധ്യക്ഷനായ എൻസിപി പ്രമേയം പാസാക്കിയത്. ഇന്ന് ശരദ് പവാറിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത 27 സംസ്ഥാന സമിതികളും പവാറിനൊപ്പമാണെന്ന് വ്യക്തമാക്കി.
എല്ലാ പി സി സി അധ്യക്ഷൻമാരും ഇന്ന് പവാർ വിളിച്ച് ചേർത്ത യോഗത്തിലെത്തി. മഹാരാഷ്ട്ര സംസ്ഥാന സമിതിയും കേരളാ എൻസിപി വിഭാഗവും പവാറിനൊപ്പാമാണ്. ഇന്നത്തെ യോഗത്തിൽ കേരളത്തിൽ നിന്നും സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയും മന്ത്രി എകെ ശശീന്ദ്രനും പങ്കെടുത്തു. ദേശീയ നിർവാഹക സമിതി 8 പ്രമേയങ്ങൾ പാസാക്കി.
എൻസിപി അധ്യക്ഷൻ ഞാൻ തന്നെയാണെന്നും മറ്റ് അവകാശ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശരദ് പവാർ വ്യക്തമാക്കി. ആർക്കും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ ആഗ്രഹിക്കാൻ അവകാശമുണ്ടെന്നായിരുന്നു ഷിൻഡെ മന്ത്രിസഭയിൽ ചേർന്ന അജിത് പവാറിനെയും എംഎൽഎമാരെയും കുറിച്ചുള്ള ചോദ്യത്തിന് ശരദ് പവാറിന്റെ മറുപടി.
എൻസിപി പിളർന്നതോടെ ശരദ് പവാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയെന്ന് വ്യക്തമാക്കി അജിത് പവാർ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. അജിത് പവാർ എൻസിപി അധ്യക്ഷനാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം അറിയിച്ചത്. ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് അജിത് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങിയിരിക്കുകയാണ്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്ന ശരദ് പവാർ- അജിത് പവാർ പക്ഷങ്ങൾ. പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകിയിട്ടുണ്ട്.