കാലിഫോര്‍ണിയ: വിക്ഷേപിച്ച് 53 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്ന ആ സോവിയറ്റ് പേടകം എവിടെയെങ്കിലും ഇടിച്ചിറങ്ങുമോ? 1972-ല്‍ ശുക്രനിലേക്ക് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച 500 കിലോഗ്രാം ഭാരമുള്ള ‘കോസ്മോസ് 482’ ബഹിരാകാശ പേടകം നാളെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി പ്രവേശിക്കും. കോസ്മോസ് 482 കത്തിച്ചാമ്പലാകുമോ, അതോ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമോ എന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാണ് എന്നാണ് വിലയിരുത്തലുകള്‍. പോളണ്ടിന് മുകളില്‍ വച്ചാണ് ഈ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
1972 മാര്‍ച്ച് 31-ന് സോവിയറ്റ് യൂണിയന്‍ ശുക്രനിലേക്കയച്ച പരാജയപ്പെട്ട വിക്ഷേപണമായിരുന്നു കോസ്‌മോസ് 482. റോക്കറ്റിന്‍റെ സാങ്കേതിക തകരാർ കാരണം കോസ്‌മോസ് 482 ഒരിക്കലും ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തുകടന്നില്ല. അതിന് ശേഷം അഞ്ച് പതിറ്റാണ്ടായി ഈ പേടകം അനിയന്ത്രിതമായി ഭൂമിയെ ചുറ്റിക്കറങ്ങുകയായിരുന്നു. 500 കിലോയോളം ഭാരമുള്ള കോസ്‌മോസ് 482 പേടകം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് നാളെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കും. എവിടെവച്ചാണ് കോസ്‌മോസ് 482-ന്‍റെ റീ-എന്‍ട്രി എന്നോ, പേടകം ഭൂമിയില്‍ പതിക്കുമോ എന്നും ഇപ്പോഴും വ്യക്തമല്ല. പതിവ് ബഹിരാകാശ പേടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കോസ്‌മോസ് 482 ഭൂമിയില്‍ കത്തിത്തീരാതെ പതിച്ചാല്‍ തന്നെ ഏതെങ്കിലും ജലാശയത്തില്‍ വീഴാനാണ് സാധ്യത കൂടുതല്‍ എന്നും വിലയിരുത്തപ്പെടുന്നു. കോസ്മോസ് 48 പേടകം ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനെ അത്ര ഭയക്കേണ്ടതില്ലെന്ന് ഡച്ച് സാറ്റ്‌ലൈറ്റ് ട്രാക്കര്‍ മാര്‍ക്കോ ലാംഗ്‌ബ്രോക്ക് പറയുന്നു. അതേസമയം ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോള്‍ കത്തിത്തീരാനാണ് കൂടുതല്‍ സാധ്യതയെങ്കിലും ഭൂമിയില്‍ കോസ്‌മോസ് 482 പേടകം പതിക്കാനുള്ള സാധ്യത പൂര്‍ണമായും മാര്‍ക്കോ ലാംഗ്‌ബ്രോക്ക് തള്ളിക്കളയുന്നില്ല. അതിനൊരു കാരണമുണ്ട്. ശുക്രനിലെ ഉയര്‍ന്ന മര്‍ദ്ദം, കഠിനമായ ചൂട് എന്നിവയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ കോസ്മോസ് 482 പേടകം ഭൂമിയിലേക്കുള്ള പുനഃപ്രവേശത്തെ അതിജീവിക്കാന്‍ നേരിയ സാധ്യതയുണ്ടെന്നും അനുമാനങ്ങളുണ്ട്. കോസ്മോസ് 482-ന്‍റെ പല ഭാഗങ്ങളും ഇതിനകം തകര്‍ന്നുകഴിഞ്ഞെങ്കിലും, അവശേഷിക്കുന്ന ഗോളാകൃതിയിലുള്ള ലാൻഡിംഗ് കാപ്‌സ്യൂൾ കഴിഞ്ഞ 53 വർഷമായി വളരെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.