എംജി സർവകലാശാല സർട്ടിഫിക്കറ്റ് വിവാദം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു, 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

news image
Jun 21, 2023, 11:43 am GMT+0000 payyolionline.in

കോട്ടയം: എംജി സർവകലാശാലയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഔദ്യോഗിക ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയും സസ്പെന്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷനെന്നും വൈസ് ചാൻസലർ അറിയിച്ചു.

ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തി. പരീക്ഷാ കൺട്രോളർ ഡോ സിഎം ശ്രീജിത്ത് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ സിടി അരവിന്ദകുമാറിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളാണ് നഷ്ടമായത്. സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തിൽ  വിശദമായ അന്വേഷണം നടത്തും.

സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കാണാതായ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി പോലീസിൽ പരാതി നൽകും. കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കും.  ഈ വിഷയത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് സമർപ്പിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

ഹോളോഗ്രാം മുദ്രണം ഉൾപ്പെടെ 16 സുരക്ഷാ സങ്കേതങ്ങൾ ഉള്ള 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എംജി സർവകലാശാലയിൽ നിന്ന് നഷ്ടപ്പെട്ടത്. 500 എണ്ണം വീതമുള്ള  ബണ്ടിലുകളായാണ് സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നത്. ഇത്തരമൊരു ബണ്ടിലിന്റെ ഇടയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ആസൂത്രിതമായി ഇവ കടത്തിയതാകാനുള്ള സാധ്യത കൂടുതലാണ്. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളിൽ രണ്ടെണ്ണം ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരിൽ ഒരാളുടെ മേശ വലിപ്പിൽ നിന്ന് കിട്ടി. എപ്പോഴാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടത്, നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ തുടങ്ങി ആശങ്കകളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe